ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധിക്കാന്‍ വിശ്വസ്ത സ്രോതസ്സില്‍ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയംചികിത്സ പാടില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. കോവിഡ് ചികിത്സാ പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയ മരുന്നുകളാണെങ്കില്‍പ്പോലും അമിത ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
മുഖാവരണം ധരിക്കുക, തുടര്‍ച്ചയായ പനിയുണ്ടെങ്കില്‍ പാരസിറ്റമോള്‍ കഴിക്കുക, ചുമയ്ക്ക് സിറപ്പ്, കൃത്യമായ ഇടവേളകളില്‍ ആഹാരം, വെള്ളം, വിശ്രമം എന്നിവയാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗികള്‍ ചെയ്യേണ്ടത്. കോവിഡ് വാക്‌സിനുകളെല്ലാം പ്രതിരോധകുത്തിവെപ്പുകളാണ്. വാക്‌സിനെടുത്താലും കോവിഡ് ബാധിച്ചാലും വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, രോഗം തീവ്രമാകില്ലെന്നതാണ് വാക്‌സിന്‍ കൊണ്ടുള്ള ഗുണം. രോഗത്തെ അകറ്റാനുള്ള ഏറ്റവും മികച്ചമാര്‍ഗം മുഖാവരണം ധരിക്കണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായവര്‍ ഏഴുദിവസം കൃത്യമായി ക്വാറന്റീനില്‍ പോകണമെന്നും മറ്റ് ഗുരുതര രോഗമില്ലാത്തവര്‍ ലക്ഷണങ്ങളില്ലെങ്കില്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടെന്നും ഐ.സി.എം.ആര്‍. തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
പനി, ചുമ ഉള്‍പ്പെടെ കോവിഡ് ലക്ഷങ്ങളുള്ളവര്‍, 60 പിന്നിട്ടവര്‍, ഗുരുതരരോഗമുള്ളവര്‍, അന്താരാഷ്ട്ര യാത്രക്കാര്‍ എന്നിവര്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധിക്കണം. മറ്റ് അസുഖങ്ങളുടെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പോകുന്ന രോഗികള്‍ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍മാത്രം കോവിഡ് പരിശോധനയ്ക്ക് വിധേയരായാല്‍ മതി. ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ ആഴ്ചയില്‍ ഒരിക്കല്‍മാത്രം കോവിഡ് പരിശോധിച്ചാല്‍ മതിയാകും.
കോവിഡ് ചികിത്സയില്‍ ഫലപ്രദമാകുമെന്നു കരുതിയ ആന്റിവൈറല്‍ ഗുളിക മോള്‍നുപിരാവിറിനെ കോവിഡ് ചികിത്സാ പ്രോട്ടോകോളില്‍നിന്ന് തത്കാലം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മരുന്നിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് ഈ തീരുമാനത്തിനു കാരണം.