ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന് ആരോഗ്യവകുപ്പ്. ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കും. മൂന്നാം തരംഗത്തിന്റെ സൂചന നല്‍കിയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നിയന്ത്രങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. രാവിലെ അഞ്ച് മുതല്‍ രാത്രി 11 വരെയാണ് നിയന്ത്രങ്ങള്‍.രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെ അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി.
ഹിമാചല്‍ പ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 26 വരെ അടച്ചു. മെഡിക്കല്‍,നഴ്സിംങ് കോളജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.വിദേശ രാജ്യങ്ങളില്‍ നിന്ന് രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നാളെ മുതല്‍ നിലവില്‍ വരും.അതിനിടെ കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസിന് ദീര്‍ഘകാലം പ്രതിരോധം നല്‍കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട് അതേ സമയം സംസ്ഥാനത്തും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ഇന്നലെയും രോഗബാധിതരുടെ എണ്ണം 5000 ന് മുകളില്‍ തന്നെയായിരുന്നു. വലിയ ഒരു ഇടവേളക്ക് ശേഷം ടി.പി.ആര്‍ പത്തിലേക്ക് അടുക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. 23 പേര്‍ക്ക് കൂടി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.