മുംബൈ : മഹാരാഷ്ട്രയിലെ 10 മന്ത്രിമാർക്കും 20-ലേറെ എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ. സംസ്ഥാനത്തെ കോവിഡ് കേസുകൾ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം സൂചന നൽകി. മഹാരാഷ്ട്രയിൽ ഏതാനും ദിവങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച 8067 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലേദിവസത്തെ പുതിയ കോവിഡ് കേസുകളിൽനിന്ന് 50 ശതമാനത്തിലേറെ വർധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ (454) റിപ്പോർട്ടു ചെയ്തിട്ടുള്ളതും മഹാരാഷ്ട്രയിലാണ്. 351 ഒമിക്രോൺ കേസുകളുള്ള ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്.