ചെന്നൈ: തമിഴ് താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്റെ ജോലിക്കായി നാളുകളായി ലണ്ടനിലായിരുന്നു വടിവേലു. അവിടെ നിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പുതിയ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനാണ് സംഗീത സംവിധായകൻ സന്തോഷ് നാരായണനൊപ്പം ലണ്ടനിൽ വടിവേലു തങ്ങിയത്. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു ശേഷം രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ശ്രീരാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.