കൊച്ചി : നടിയെ ആക്രമിച്ച കേസ് പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. ആലുവ മജിസ്ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു. 2018 മെയ് മാസത്തില്‍ അമ്മയ്‌ക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളുപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുക്കാന്‍ പോലീസ് നടപടി ആരംഭിച്ചത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. പ്രതി ദിലീപിന്റെ സുഹൃത്താണ് അങ്കമാലി സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത് ജി നായര്‍. ആലുവ സ്വദേശി ശരത് ജി നായരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഇന്നലെ ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫല്‍റ്റിലും ശരത് ജി നായരുടെ വസതിയിലും നടത്തിയ റെയ്ഡില്‍ സിം കാര്‍ഡികളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വര്‍ഗീസ് അലക്സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
സംവിധായകന്‍ ബാലചന്ദ്രകുമാറാണ് കേസില്‍ ഒരു ‘വിഐപിക്ക്’ ബന്ധമുണ്ടെന്ന് പോലീസിന് മൊഴി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണം ആദ്യം കോട്ടയം സ്വദേശി മെഹബൂബ് അബ്ദുള്ളയിലാണ് ചെന്നെത്തിയത്. എന്നാല്‍ നിഷേധിച്ച് വ്യവസായി രംഗത്ത് വന്നു. മൂന്നു വര്‍ഷം മുന്‍പ് ഖത്തറില്‍ ‘ദേ പുട്ട്’ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാറാണ്. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയും . ബാക്കി അന്വേഷണത്തില്‍ കണ്ടുപിടിക്കട്ടെ. മൂന്ന് വര്‍ഷംമുന്‍പ് ദിലീപിനെ കണ്ടിരുന്നു. വീട്ടില്‍ പോയിരുന്നു. അവിടെ കാവ്യയും മാതാപിതാക്കളും ഉണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് വരെ വിളിച്ചിട്ടില്ല, തന്നെ ചേര്‍ത്ത് കഥകള്‍ പ്രചരിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയില്ല, കണ്ടതായി ഓര്‍ക്കുന്നുമില്ലെന്നാണ് വ്യവസായിയായ മെഹബൂബ് പറഞ്ഞത്.