ന്യൂഡല്‍ഹി : ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 4 പേര്‍ക്കേ കഴിയുമായിരുന്നുള്ളൂ. ഒട്ടേറെപ്പേര്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകള്‍ ഉപയോഗിച്ചാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കു സ്വന്തം നമ്പറുകളിലേക്ക് അക്കൗണ്ട് മാറ്റാനും സൗകര്യമുണ്ട്. കോവിനില്‍ ലോഗിന്‍ ചെയ്ത് ‘Raise an issue’ എന്നതിനു താഴെയുള്ള ‘Transfer a member to new mobile number’ ഓപ്ഷന്‍ ഇതിനായി ഉപയോഗിക്കാം. വാക്‌സീന്‍ സ്വീകരിക്കാതെ സാങ്കേതികപ്രശ്‌നം മൂലം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് തിരുത്താന്‍ അവസരം. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഡേറ്റ എന്‍ട്രി നടത്തിയപ്പോള്‍ പറ്റിയ പിശകു മൂലം വാക്‌സീന്‍ ലഭിക്കാത്ത പലര്‍ക്കും വാക്‌സീന്‍ എടുത്തതായി സന്ദേശവും സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഇതുമൂലം ഇവര്‍ക്ക് വാക്‌സീന്‍ ലഭിക്കാത്ത സ്ഥിതിയുണ്ടായി.
കോവിന്‍ പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ‘Revoke Vaccination Status’ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് തെറ്റായി രേഖപ്പെടുത്തിയ വാക്‌സീന്‍ നില തിരുത്താം. ഒരു ഡോസ് വാക്‌സീന്‍ പോലും ലഭിച്ചിട്ടില്ലെങ്കില്‍ അക്കാര്യവും, ഒരു ഡോസ് മാത്രമാണ് ലഭിച്ചതെങ്കില്‍ അക്കാര്യവും വ്യക്തമാക്കാം. ഇതിനു ശേഷം വാക്‌സീന്‍ സ്ലോട്ട് ബുക്ക് ചെയ്യാം. അതിനുള്ള ഘട്ടങ്ങള്‍ ഇങ്ങനെ:
* പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം Raise an issue എന്ന ഓപ്ഷന്‍ തുറക്കുക.
* ഇതില്‍ Revoke Vaccination Status തിരഞ്ഞെടുക്കുക. മാറ്റം വരുത്തേണ്ട വ്യക്തിയുടെ പേര് തിരഞ്ഞെടുക്കുക.
* Current Vaccination Status എന്നതിനു നേരെയുള്ള change ഓപ്ഷന്‍ നല്‍കി ശരിയായ വാക്‌സിനേഷന്‍ നില രേഖപ്പെടുത്താം. ഒരു ഡോസ് പോലും ലഭിച്ചിട്ടില്ലെങ്കില്‍ Not Vaccinated എന്നും ഒരു ഡോസ് മാത്രമാണ് ലഭിച്ചതെങ്കില്‍ partially vaccinated എന്നും തിരഞ്ഞെടുക്കുക. തുടര്‍ന്ന് I hereby.. എന്നു തുടങ്ങുന്ന സത്യപ്രസ്താവന ടിക്ക് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക. ഒരു തവണ മാത്രമേ ഇത്തരത്തില്‍ മാറ്റം വരുത്താന്‍ കഴിയൂ.
* അപേക്ഷ അംഗീകരിക്കാന്‍ 3 മുതല്‍ 7 വരെ ദിവസമെടുക്കും.