ഭോപ്പാല്: രാജസ്ഥാനിൽ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് ബജ്റംഗ്ദൾ പ്രവർത്തർക്കെതിരെ കേസ്. പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പരാതി നൽകി. ഹരിയാനയിലെ ഭിവാനി ജില്ലയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ പഹാരി തഹസിൽ ഘട്മീക ഗ്രാമ വാസികളായ നസീർ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് രാജസ്ഥാനിൽ നിന്ന് ഇരുവരെയും അജ്ഞാതർ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ ഉടമ അസീൻ ഖാൻ എന്നയാളാണെന്നും കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. യുവാക്കളെ തട്ടിക്കൊണ്ടുപോയവർ തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും. വിവിധ വകുപ്പുകൾ പ്രകാരം രാജസ്ഥാനിലെ ഗോപാൽ ഗഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ഇരുവരുടെയും കുടുംബാംഗങ്ങൾ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി ഗോപാൽഗഡ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ബൊലേറോ കാറിൽ എത്തിയ ഇവരെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം. കുടുംബാംഗങ്ങൾ ചിലരുടെ പേര് പറഞ്ഞിട്ടുണ്ട്. അവരെ പിടികൂടാൻ ഞങ്ങൾ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഐജി പറഞ്ഞു. നസീറിന് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ല. അതേസമയം, ജുനൈദിനെതിരെ മുമ്പ് അഞ്ച് പശുക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി.