പാലക്കാട് : രാത്രിയില്‍ വീടുകളില്‍ നിന്നും പശുക്കളെ മോഷ്ടിക്കുന്ന സംഘം പിടിയില്‍. പകല്‍ കറങ്ങി നടന്ന് പശുക്കളുള്ള വീടുകള്‍ കണ്ടുവച്ച ശേഷം രാത്രിയെത്തി മോഷണം നടത്തുന്ന ദമ്പതികളടക്കം മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ്(27) എന്നിവരാണ് പിടിയിലായത്. പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരെയും പോലീസ് പൊക്കിയത്. മുഹമ്മദ് ഹഫീഫും അന്‍സീനയും പകല്‍ സമയത്ത് സ്‌കൂട്ടറില്‍ കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെയ്ക്കും. കൂടെ സ്ത്രീ ഉള്ളതിനാല്‍ ആരും സംശയിക്കില്ല എന്ന് മനസിലാക്കിയാണ് ഹഫീഫ് ഭാര്യയെയും മോഷണത്തിന് കൂട്ടിയത്. പിന്നീട് രാത്രിയെത്തി പശുക്കളെ അഴിച്ചുകൊണ്ടുപോകുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന പശുക്കളെ നിര്‍ത്തിക്കൊണ്ടു പോകാന്‍ സീറ്റുകള്‍ അഴിച്ചുമാറ്റി ഒരു ട്രാവല്‍ പ്രത്യേകം രൂപകല്പന ചെയ്താണ് ഇവര്‍ മോഷണം നടത്തുന്നത്.
മോഷണം നടത്തുന്ന പരിസരത്ത് നിന്ന് അല്പം മാറി ഈ ട്രാവല്‍ നിര്‍ത്തിയിടും. പശുക്കളെ അഴിച്ചുകൊണ്ടുവന്നയുടന്‍ തന്നെ ഇവര്‍ ട്രാവലറില്‍ സ്ഥലം വിടുകയും ചെയ്യും. പശുക്കളെ കാണാനില്ലെന്നു കാണിച്ച് നിരന്തരം പരാതികള്‍ വന്നതോടെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് പ്രതികളെ പോലീസ് പൊക്കിയത്. എസ്.ഐ.മാരായ സി.കെ. രാജേഷ്, മുജീബ്, നന്ദകുമാര്‍, എസ്.സി.പി.ഒ.മാരായ പി.ആര്‍. വിനോദ്, പ്രമോദ്, ലിജു, നൗഷാദ്, സന്തോഷ്, സി.പി.ഒ.മാരായ രതീഷ്, വസന്ത്കുമാര്‍, ഉണ്ണിക്കണ്ണന്‍, ഷൈലി, ഷജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.