തിരുവനന്തപുരം : സില്‍വര്‍ലൈനില്‍ വിമര്‍ശനവുമായി സി.പി.ഐ. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു. ചില ഉദ്യോഗസ്ഥരയുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. കെ റെയിലിൽ ഉദ്യോഗസ്ഥർ എന്തിനാണ് ധൃതി കാണിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല. സമാധാനപരമായ അന്തരീക്ഷത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയൂവെന്നും പ്രകാശ് ബാബു തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തിവച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ നടത്തില്ലെന്ന് കല്ലിടൽ ഏറ്റെടുത്ത ഏജൻസി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമായതിനാൽ മുന്നോട്ട് പോവാൻ കഴിയില്ലെന്ന് ഏജൻസി കെ റെയിലിനെ അറിയിച്ചു.
സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി. സർവേ നടത്തുന്നതിനായി കേരള വോളിണ്ടറി ഹെൽത്ത് സർവീസിനെ അഞ്ച് ജില്ലകളിലായാണ് നിയോഗിച്ചത്. വിജ്ഞാപനത്തിലെ സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം. കൂടാതെ സിൽവർ ലൈനിന്റെ അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത്കുമാർ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.