തിരുവനന്തപുരം : പാർട്ടി അംഗങ്ങൾക്കുളള പെരുമാറ്റച്ചട്ടം കർശനമാക്കാൻ ഒരുങ്ങി സി.പി.ഐ. പാർട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്ന് നിർദേശം. നേതൃതലത്തിലുളളവർ മദ്യപിച്ച് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറരുതെന്നും കർശന നിർദേശം നൽകി. പാർട്ടി ഘടകങ്ങൾക്ക് സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധിയും സി.പി.ഐ ഉയർത്തി. ഒരാളിൽ നിന്നോ ഒരു സ്ഥാപനത്തിൽ നിന്നോ സ്വീകരിക്കാവുന്ന തുകയാണ് ഉയർത്തിയത്. ബ്രാഞ്ചുകൾക്ക് ഒരാളിൽ നിന്ന് പരമാവധി 3000 രൂപ വരെ സ്വീകരിക്കാം. നേരത്തെയിത് 1000 രൂപയായിരുന്നു. ലോക്കൽ കമ്മിറ്റികൾക്ക് സ്വീകരിക്കാവുന്ന സംഭാവന 10000 രൂപയാണ്. മണ്ഡലം കമ്മിറ്റികൾക്ക് ഒരാളിൽ നിന്ന് പരമാവധി 50000 രൂപ വരെ പിരിച്ചെടുക്കാം.