കൊല്ലം : സി പി ഐ കൊല്ലം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. സി പി ഐയുടെ ശക്തികേന്ദ്രമായ ജില്ലയിലെ വിഭാഗീയത തന്നെയാകും സമ്മേളനത്തിൽ പ്രധാന ചര്‍ച്ചയാവുക. പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ അടക്കം വലിയ തലവേദനയാകും നേതൃത്വത്തിന് ഉണ്ടാവുക. ഇന്നുമുതൽ ശനിയാഴ്ച്ചവരെയാണ് സി പി ഐ കൊല്ലം ജില്ലാ സമ്മേളനം നടക്കുക. 371 പൂർണ്ണ പ്രതിനിധികളും 34 പകരം പ്രതിനിധികളും ഉൾപ്പെടെ 405 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ഇസ്മായിൽ, കാനം പക്ഷം തമ്മിൽ പോരടിക്കുന്ന ജില്ലയിലെ സമ്മേളനത്തിൽ വാക് പോരുകൾ കനക്കാനാണ് സാധ്യത. പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിലടക്കം ഈ മത്സരമുണ്ടാകും. സ്ഥാനമൊഴിയുന്ന മുല്ലക്കര രത്നാകരന് പകരം സംസ്ഥാന കൗണ്‍സിൽ അംഗമായ ആർ. രാജേന്ദ്രനെ കൊണ്ടുവരാനാണ് കാനം അനുകൂലികളുടെ ലക്ഷ്യം. പ്രായപരിധി ചൂണ്ടിക്കാട്ടി ഇത് എതിര്‍ക്കാനാണ് ഇസ്മായീൽ പക്ഷത്തിന്റെ നീക്കം. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയായ ജി ലാലുവിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഇവരുടെ നീക്കം.
പി. എസ് സുപാൽ, ജി.എസ് ജയലാൽ എന്നിവര്‍ക്കും സാധ്യതയുണ്ട്. ജില്ലയിലെ സിപിഐ മന്ത്രിയായ ചിഞ്ചു റാണി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്ക് നേരെ വലിയ വിമര്‍ശനങ്ങൾ ഉണ്ടായേക്കും. മന്ത്രിയുടെ പ്രവര്‍ത്തനങ്ങൾ പോരെന്നാണ് പല പാര്‍ട്ടി നേതാക്കളുടേയും അഭിപ്രായം. സര്‍ക്കാരിനെതിരെ വലിയ ജനകീയ സമരങ്ങൾ ഉണ്ടാകുന്പോൾ പോലും കാനം രാജേന്ദ്രൻ പലപ്പോഴും മൗനം പാലിക്കുന്നതും സമ്മേളനത്തിൽ വലിയ ചര്‍ച്ചക്കിടയാക്കും.