തിരുവനന്തപുരം : സംസ്ഥാന നേതൃത്വത്തിനിടയിൽ പ്രായപരിധി തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പാർട്ടി അംഗങ്ങൾക്കുള്ള പ്രായ പരിധി മാർഗനിർദ്ദേശം മാത്രമാണെന്നാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്തെത്തിയ ഡി രാജ വിശദീകരിച്ചത്. പ്രായപരിധി മാനദണ്ഡമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾ ചർച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ സിപിഐയിൽ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കാൻ ദേശീയ ജനറൽ സെക്രട്ടറി തയ്യാറായില്ല. അതേ കുറിച്ച് സംസ്ഥാന നേതാക്കളുമായി സംസാരിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂവെന്നായിരുന്നു ജി രാജയുടെ പ്രതികരണം.
സംസ്ഥാന നേതൃത്വത്തിന് ഏര്‍പ്പെടുത്തിയ 75 വയസ്സ് പ്രായ പരിധി അംഗീകരിക്കാനാകില്ലെന്ന കാനം വിരുദ്ധ പക്ഷത്തിന് ഒപ്പമാണ് ദേശീയ നേതൃത്വവുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പ്രായ പരിധിയിൽ തുടങ്ങി സംസ്ഥാന സെക്രട്ടറി കസേരയിൽ രണ്ട് ടേം പൂര്‍ത്തിയാക്കിയ കാനം രാജേന്ദ്രൻ പദവി ഒഴിയണമെന്ന ആവശ്യത്തിൽ വരെ തര്‍ക്കം നിലനിൽക്കെയാണ് സമ്മേളനം നടക്കുന്നത്. കാനം രാജേന്ദ്രൻ മാറി പാര്‍ട്ടിക്ക് പുതു നേതൃത്വം വരണമെന്നും പ്രായപരിധി തീരുമാനം അംഗീകരിക്കില്ലെന്നും പരസ്യ നിലപാടെടുത്ത മുതിർന്ന നേതാവ് സി ദിവാകരനെതിരെ എന്ത് നടപടി എടുക്കണമെന്ന് ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്തേക്കും. അച്ചടക്ക ലംഘനം വച്ച് പൊറുപ്പിക്കാനാകില്ലെന്ന നിലപാട് കാനം രാജേന്ദ്രൻ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ നടപടിയുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അതിനിടെ നെയ്യാറ്റിൻകരയിൽ നടന്ന കൊടിമര കൈമാറ്റ ചടങ്ങിൽ നിന്ന് കെ ഇ ഇസ്മയിലും സി ദിവാകരനും വിട്ടു നിന്നതും വലിയ വിമര്‍ശനത്തിനിടയാക്കി.
അതിനിടെ, വിഭാഗീയ പ്രവർത്തനങ്ങൾക്ക് സമ്മേളനത്തിന് മുമ്പേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ താക്കീത് നൽകിയിട്ടുണ്ട്. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സിപിഐയിലില്ലെന്നും അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നുമാണ് കാനം മുന്നറിയിപ്പ് നൽകുന്നത്. പാർട്ടി മുഖ മാസികയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാർട്ടിയുടെ വ്യക്തിത്വം സംരക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നണിയിൽ ഉന്നയിക്കുന്നതിൽ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ഉന്നയിക്കേണ്ട കാര്യങ്ങൾ മുന്നണിയിൽ കൃത്യമായ രീതിയിൽ പറയും. ചിലപ്പോൾ പരസ്യ പ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സിപിഐക്കില്ല. എപ്പോഴും മാധ്യമങ്ങൾക്ക് വാർത്ത ചമച്ച് കൊടുത്ത് മുന്നണിയുടെ വിശ്വാസം തകർക്കാനുമാവില്ല. പാർട്ടിയിൽ ഗ്രൂപ്പുണ്ടെന്ന മാധ്യമ പ്രചാര വേല തെറ്റാണെന്നും കാനം വിശദീകരിക്കുന്നു. വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്.