തിരുവനന്തപുരം: സി പി ഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവും പരിഹാസവും. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിൽ ആണ് പ്രധാനമായും വിമർശനമുയർന്നത്. വിദേശ സർവകലാശാല വിഷയത്തിലും മുഖ്യമന്ത്രിക്കെതിരെ സി പി ഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.മുൻ എം എൽ എയും ഭക്ഷ്യമന്ത്രിയുടെ ഭാര്യയും കൂടിയായ സി പി ഐ നേതാവ് ആർ ലതാ ദേവി, മുഖ്യമന്ത്രിക്കെതിരെ കടുത്ത പരിഹാസമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു ആർ ലതാ ദേവിയുടെ പരിഹാസം. ആഡംബരത്തിനും ധൂർത്തിനും സംസ്ഥാന സർക്കാരിന് കുറവില്ലെന്നും സി പി ഐ യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി പി ഉണ്ണികൃഷ്ണൻ വിമർശിച്ചു.
വിദേശ സർവകലാശാല വിഷയത്തിലാണ് പിന്നെ വിമർശനമുയർന്നത്. കേരളത്തിൽ വിദേശ സർവകലാശാലക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത് മുന്നണിയുടെ നയവ്യതിയാനമാണെന്നാണ് നേതാക്കൾ ചൂണ്ടികാട്ടിയത്. വിദേശ സർവകലാശാലകളെ എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ വിദേശ സർവകലാശലകൾക്ക് വേണ്ടി നടക്കുകയാണെന്നും വിമർശനമുണ്ടായി. വിഷയം മുന്നണിയിൽ ഉന്നയിക്കണമെന്നും ആവശ്യമുയർന്നു. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് മുന്നണിയുടെ നയ വ്യതിയാനമാണെന്ന് സംസ്ഥാന കൗൺസിലിൽ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം തുറന്നു സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം മുന്നണിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.