ഇടുക്കി : ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ മരണത്തിൽ സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ധീരജിന്റെ മരണത്തിൽ സി പി ഐ എമ്മിന് ദുഖമില്ല, ആഹ്ലാദമെന്ന് അദ്ദേഹം വിമർശിച്ചു. ഡി വൈ എഫ് ഐ -എസ് എഫ് ഐ നേതൃത്വത്തിൽ നടക്കുന്ന കലാപത്തിന്റെ ഇരയാണ് ധീരജെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ഇതിനിടെ ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരൻ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. കെ പി സി സി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡി വൈ എഫ് ഐ വിമർശനം ഉന്നയിച്ചു. ഇടുക്കി കെ എഫ് ബ്രിഗേഡ് തലവനാണ് നിഖിൽ പൈലിയെന്ന് വി കെ സനോജ് പറഞ്ഞു. നാളെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചു.
അതേസമയം ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.