തിരുവനന്തപുരം : കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ എന്ന് സിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്ത വാരിക. സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിട്ടവരാണ് സിപിഐ. ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണെന്നും പലപ്പോഴും വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐഎമ്മിനെ കുത്താനുള്ള ഒരുപാധിയായി സിപിഐക്ക് ഈ പദവി ചാര്‍ത്തിക്കൊടുക്കാറുണ്ടെന്നും തിരുത്തല്‍ വാദത്തിന്റെ ചരിത്രവേരുകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു. ഇ രാമചന്ദ്രന്‍ ആണ് ലേഖനം എഴുതിയത്.
‘വര്‍ഗവഞ്ചകര്‍ എന്ന ആക്ഷേപത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ സര്‍ക്കാരിനെ പുറത്താക്കാന്‍ ആ പാര്‍ടി മുന്നോട്ടു വന്നു.കേരളത്തിലെ ജാതിജന്മി വ്യവസ്ഥയുടെ വേരറുത്ത ഭൂപരിഷ്കാരനിയമം നിയമസഭ പാസാക്കിയതിന്‍റെ തൊട്ടടുത്ത ദിവസം അവര്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ചു. രാജ്യസഭാമെമ്പറായിരുന്ന സി അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം ആരംഭിച്ചു.’- ലേഖനത്തിൽ പറയുന്നു.