തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ . തോട്ടങ്ങളില്‍ ഇടവിളകൃഷിക്കായി ഇപ്പോള്‍ തന്നെ മതിയായ നിയമമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സിപിഎം വാദിക്കുമ്പോഴാണ് നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന് സിപിഐ ആവര്‍ത്തിച്ച് പറയുന്നത്.
പ്ലാന്‍റേഷന്‍ നിര്‍വചനത്തിന്‍റെ പരിധിയില്‍പ്പെടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകള്‍ കൂടി ചേര്‍ത്ത് പഴ വര്‍ഗ കൃഷികള്‍ ഉള്‍പ്പടെ തോട്ടത്തിന്‍റെ ഭാഗമാക്കി കൊണ്ടുള്ള കാലോചിത ഭേദഗതികള്‍ വേണമെന്നാണ് ധനമന്ത്രി ഇന്നലെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.പഴവര്‍ഗങ്ങള്‍ കൂടി ഇടവിളയായി കൃഷി ചെയ്യാന്‍ നേരത്തേ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. കൂടുതള്‍ വിളകളും കൃഷിയും ഉള്‍പ്പെടുത്തി തോട്ട പരിധി കുറച്ച് കൃഷി വ്യാപിപ്പിക്കാനുള്ള നീക്കമാണ് സിപിഎം പരിപാടി. പാര്‍ട്ടി നയരേഖക്കനുസരിച്ചുള്ള ഭേദഗതികള്‍ സിപിഎം നേതാക്കള്‍ പറഞ്ഞ് വരുന്നതിനിടെയാണ് തങ്ങളുടെ അഭിമാന പരിപാടിയായ ഭൂപരിഷ്കരണത്തില്‍ തൊട്ട് കളിക്കാനാകില്ലെന്ന് സിപിഐ പറയുന്നത്.
വി എസ് സുനില്‍കുമാര്‍ കൃഷിമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ അന്ന് റവന്യൂമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഐ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. തോട്ടങ്ങളില്‍ മറ്റ് കൃഷിയാകാമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് കൃത്യമായ എണ്ണവും പരിധിയും വേണമെന്നാണ് സിപിഐയുടെ അഭിപ്രായം. കൂടുതള്‍ കൃഷിയിനങ്ങള്‍ ചേര്‍ത്ത് തോട്ടനിയമവും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമി കൊടുത്ത് വ്യവസായ നയവുമൊക്കെ പരിഷ്കരിക്കാന്‍ സിപിഎം ശ്രമിക്കുമ്പോഴാണ് സിപിഐ നേതൃത്വം ശക്തമായി എതിര്‍ക്കുമെന്ന സൂചന നല്‍കുന്നത്.