തിരുവനന്തപുരം: കെ ബി ഗണേഷ്കുമാർ ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചിട്ടില്ലെന്ന് സിപിഐയുടെ വിമര്‍ശനം. 2001ല്‍ സിപിഐ പ്രവർത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എൽ.എ ആവർത്തിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം
ഗണേഷ് കുമാര്‍ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. എം.എൽ.എയുടെ സാന്നിധ്യത്തിൽ എൽ.ഡി.എഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. എം.എൽ.എയ്ക്ക് മന്ത്രിമാരോട് അലർജ്ജിയാണ്. അത് മൂലം ഇടതുസർക്കാരിന്‍റെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
സിപിഎമ്മിനെതിരെയും റിപ്പോര്‍ട്ടില്‍ വിമർശനം ഉണ്ട്. കേരള കോൺഗ്രസ് ബിക്കൊപ്പം ചേർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചു. പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സിപിഐ പ്രാധിനിധ്യമില്ല. സിപിഎം അജണ്ടയുടെ ഭാഗമായാണ് അത് സംഭവിച്ചത്. മണ്ഡലത്തിൽ സിപി എമ്മും കേരള കോൺഗ്രസ് ബി യും ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായും സിപിഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.