തിരുവനന്തപുരം∙ സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ എംഎൽഎയെ സംസ്ഥാന കൗണ്‍സിലിൽനിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിൽ ബിജിമോൾ ഇടംപിടിച്ചില്ല. പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിൽനിന്നും ബിജിമോൾ ഒഴിവാക്കപ്പെട്ടു. ചാത്തന്നൂർ എംഎൽഎ ജി.എസ്.ജയലാലിനെയും സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കി.
പാർട്ടി കോൺഗ്രസിൽ ബിജിമോൾക്ക് പങ്കെടുക്കാൻ താൻ ഒഴിഞ്ഞുകൊടുക്കാമെന്ന് ജില്ലയിലെ ഒരു നേതാവ് പറഞ്ഞെങ്കിലും മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ എതിർത്തു. താങ്കൾക്ക് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ താല്‍പര്യമില്ലെങ്കിൽ മറ്റൊരാളെ തിരഞ്ഞെടുക്കാമെന്ന് ശിവരാമൻ പറഞ്ഞു. സഹകരണ ആശുപത്രി വിവാദത്തിൽ ജി.എസ്.ജയലാലിനെ നേരത്തെ സംസ്ഥാന കൗൺസിലിൽനിന്ന് പുറത്താക്കിയിരുന്നു. കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കേണ്ടെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എറണാകുളത്ത് ഇസ്മയിൽ പക്ഷത്തിനും തിരിച്ചടിയുണ്ടായി. മുൻ ജില്ലാ സെക്രട്ടറി പി.രാജു, എ.എൻ.സുഗതൻ, എം.ടി.നിക്സൺ, ടി.സി.സഞ്ജിത് എന്നിവരെ കൗൺസിലിൽനിന്ന് ഒഴിവാക്കി.
ബിജിമോളെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ഇതിനെ എതിർത്തു. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടന്നെങ്കിലും ബിജിമോൾ പരാജയപ്പെട്ടു. തുടർന്ന് സമൂഹമാധ്യമത്തിലൂടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജിമോൾ രംഗത്തെത്തി. തനിക്കു പകരം ഒരു പുരുഷനെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ചതെങ്കിൽ ഇതുപോലെ മാനസിക പീഡനവും ആക്രമണവും ഉണ്ടാകുമായിരുന്നോ എന്നാണ് ബിജിമോൾ ചേദിച്ചത്. സിപിഐയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്കു പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ബിജിമോൾ വിമർശിച്ചിരുന്നു.