തിരുവനന്തപുരം: പ്രായപരിധി കർശനമാക്കി തന്നെ മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ബ്രാഞ്ചിലേക്ക് മാറാൻ താത്പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിൽ മുൻ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരൻ അംഗമായി തുടരും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജി സുധാകരന്റെ ഘടകം നിശ്ചയിച്ചത്. തന്നെ ബ്രാഞ്ചിലേക്ക് മാറ്റണമെന്ന് നേരത്തെ തന്നെ സുധാകരൻ സംസ്ഥാന – ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പ്രായപരിധി കർശനമാക്കിയതോടെയാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി സുധാകരൻ ഒഴിവായത്. ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ നിന്നടക്കം ജി സുധാകരൻ വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പാർട്ടി സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പ്രകാരം പാർട്ടി ആവശ്യം അംഗീകരിച്ചു. സുധാകരന് പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായി ഉൾപ്പെടുത്തി.
സിപിഎം സമ്മേളന കാലത്ത് ജില്ലയിലാകെ വിഭാഗീയത രൂക്ഷമായിരുന്നു. ഏരിയാ സമ്മേളനങ്ങൾ നിർത്തി വെക്കേണ്ട സാഹചര്യം വരെ ഉണ്ടായി. മറ്റു ജില്ലകളിൽ കെട്ടടങ്ങിയ വിഭാഗീയത എന്തുകൊണ്ട് ആലപ്പുഴയിൽ ഇപ്പോഴും തുടരുന്നുവെന്ന് പരിശോധിക്കാൻ, പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. നവമാധ്യമങ്ങളിലൂടെ കായംകുളം എംഎൽഎ യു പ്രതിഭ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇതും ജില്ലയിൽ പാർട്ടിക്ക് തലവേദനയാണ്. അതേസമയം ജി സുധാകരന് പഠന കേന്ദ്രത്തിന്റെ ചുമതല നൽകിയേക്കുമെന്ന് സൂചനയുണ്ട്.
പാർട്ടി ചുമതലകളിൽ പുതിയ ആളുകൾ വരട്ടെയെന്നാണ് ജി സുധാകരൻ നേരത്തെ ഓൺലൈനിനോട് പറഞ്ഞത്. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ആലപ്പുഴയിൽ ചിലർ പറഞ്ഞു നടന്നു. പാർട്ടിയെ കുറിച്ച് അറിയാത്തവരാണ് ഇവർ. അമ്പലപ്പുഴയിൽ സജീവമായി പ്രവർത്തിച്ചിട്ടും സ്ഥാനാർത്ഥിക്കായിരുന്നു പരാതി. പരാതിയിൽ പറഞ്ഞതിനെക്കാൾ കുഴപ്പം ഞാൻ കാണിച്ചുവെന്നും പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. ആലപ്പുഴയിൽ വിഭാഗീയതയുടെ അംശം തുടരുകയാണ്. തനിക്ക് പക്ഷമില്ലെന്നും ഇനി പ്രവർത്തനം ബ്രാഞ്ചിലായിരിക്കുമെന്നും സുുധാകരൻ പറഞ്ഞിരുന്നു.