പാലക്കാട്: പാലക്കാട് കൊല്ലപെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കുടുംബത്തിനുള്ള സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. സിപിഎം സമാഹരിച്ച 35 ലക്ഷം രൂപയാണ് ഷാജഹാന്‍റെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങിയത്. പാലക്കാട് ചന്ദ്രനഗറിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വർഗീയ വിരുദ്ധ റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങില്‍ വച്ചാണ് ഷാജഹാന്‍റെ കുടുംബത്തിനുള്ള സഹായ ഫണ്ട് അദ്ദേഹം കൈമാറിയത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നതിനിടെയാണ് കേരളത്തെ ഒന്നാകെ നടുക്കിയ കൊലപാതക വാര്‍ത്ത പുറത്ത് വന്നത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ തലേദിനം അലങ്കാര പണികൾക്കിടെയാണ് മലമ്പുഴയിൽ സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴി ഇരുളില്‍ പതിയിരുന്ന സംഘം മൃഗീയമായാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.
ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഷാജഹാന്‍റെ കൊലപാതകം വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആദ്യം വിശദീകരിച്ച പൊലീസ്, പിന്നീട് രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ ബിജെപി അനുഭാവികള്‍ തന്നെയാണെന്നാണ് പൊലീസ് അറിയിച്ചത്.
ഷാജഹാന്റെ കൊലപാതകം വ്യക്തി വിരോധത്തെ തുടര്‍ന്നെന്ന പൊലീസ് വിശദീകരണത്തിനെതിരെ സിപിഎം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും അതിന് പിന്നിൽ ആരുടെയോ പ്രത്യേക അജണ്ടയുണ്ടെന്നുമായിരുന്നു സിപിഎം ആരോപണം. കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് ഷാജഹാന്‍റെ കൊലപാതകം നടപ്പിലാക്കിയതെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.