ഇടുക്കി : രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍. പട്ടയം റദ്ദാക്കിക്കൊണ്ടുള്ള നടപടി വലിയ ഗുരുതരമായ നിയമക്കുരുക്ക് സൃഷ്ടിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. വിഷയം അടുത്ത മാസം നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം തന്നെ പട്ടയം റദ്ദാക്കുന്നതില്‍ സിപിഐയില്‍ നിന്നുള്ളവര്‍ എതിര്‍പ്പറിയിച്ചിരുന്നു.
സംസ്ഥാന നേതൃത്വം നടപടിയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സാഹചര്യം കൂടി വന്നതോടെ സിപിഐ നേതാക്കള്‍ എതിര്‍പ്പ് വ്യക്തമാക്കുകയായിരുന്നു. അതിനിടെ വിഷയം സംബന്ധിച്ച് പരസ്യപ്രതികരണം നടത്തരുതെന്ന് സംസ്ഥാന നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പട്ടയം റദ്ദാക്കുന്നതിന്റെ പേരില്‍ ഒരു കര്‍ഷകരും ഈ സര്‍ക്കാരിന്റെ കാലത്ത് വഴിയാധാരമാകില്ലെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു. പട്ടയം റദ്ദാക്കി 23 വര്‍ഷങ്ങള്‍ക്ക് ശേഷമല്ല ഇത്തരം നടപടിയെടുക്കേണ്ടത്. അന്നത്തെ ഉത്തരവില്‍ പിശകുണ്ടെങ്കില്‍ അത് പരിഹരിച്ച് ഉചിതമായ നടപടിയാണ് എടുക്കേണ്ടത്. പട്ടയവിതരണവുമായി ബന്ധപ്പെട്ട് എം ഐ രവീന്ദ്രന്‍ തെറ്റുപറ്റിയെന്ന് പറയാനാകില്ലെന്നും സി.വി വര്‍ഗീസ് പറഞ്ഞു.
അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് പട്ടയം റദ്ദാക്കാനുള്ള നടപടിയെന്നാണ് റവന്യുമന്ത്രി കെ രാജന്റെ വിശദീകരണം. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിലവില്‍ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ നികുതി അടയ്ക്കാന്‍ പോലുമോ കഴിയുന്നില്ല. ഈ അവസ്ഥ പരിഹരിക്കുന്നതിനാണ് നടപടിയെന്നും രവീന്ദ്രന്‍ പട്ടയവിതരണത്തിന്റെ നടപടിക്രമങ്ങളിലെ വീഴ്ച പരിശോധിച്ച് അര്‍ഹരായ ആളുകള്‍ക്ക് പട്ടയം ഉറപ്പുവരുത്താനാണ് റവന്യൂ വകുപ്പിന്റെ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്കയിലാണ് ഇടുക്കി ദേവികുളം നിവാസികള്‍. ആശങ്ക പങ്കുവച്ച് രവീന്ദ്രന്‍ പട്ടയം സ്വന്തമായുള്ള കുടുംബങ്ങളും രംഗത്തെത്തി. 1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് റദ്ദാക്കാനൊരുങ്ങുന്നത്. റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.