തിരുവനന്തപുരം : സിപിഐഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിന് വിലക്ക്. സംഘാടകർക്ക് കന്റോൺമെന്റ് ബോർഡ് നോട്ടീസ്. ടെൻസെൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓഡിറ്റോറിയം നിർമ്മാണത്തിനാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങിയെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി അറിയിച്ചു . അധികൃതർ ഉന്നയിച്ച സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിക്കുമെന്ന് എം വി ജയരാജൻ വ്യക്തമാക്കി. കണ്ണൂർ കന്റോൺമെന്റ് സിഇഒ ആണ് നിർമ്മാണ പ്രവർത്തികൾ തടഞ്ഞത്.
അതേസമയം സിപിഐഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ സിപിഐഎം ക്ഷണ പ്രകാരം ശശി തരൂരും കെ വി തോമസും പങ്കെടുക്കുന്നത് വിലക്കി കെപിസിസി രംഗത്തെത്തി. നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഐഎമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചു. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ സിപിഐഎം ക്ഷണിച്ചിരിക്കുന്നത്.