കണ്ണൂർ : സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മറ്റന്നാൾ കണ്ണൂരിൽ തുടക്കമാകും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും സമ്മേളന പ്രതിനിധികളും നാളെ ജില്ലയിലെത്തും. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക ജാഥകളും നാളെ സമ്മേളനവേദിയിൽ എത്തും. വൈകിട്ട് കണ്ണൂരിൽ പൊളിറ്റ് ബ്യൂറോ യോഗം ചേരും. നായനാർ അക്കാദമിയിൽ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം. ഏപ്രിൽ പത്തിന് ജവഹർ സ്റ്റേഡിയത്തിലാകും സമാപന സമ്മേളനം. കോൺഗ്രസ് ബന്ധം, വികസന നയം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ ലൈൻ സംബന്ധിച്ച ചർച്ചകളാകും സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം.