കണ്ണൂർ : വ്യത്യസ്‌ത ഭാഷയും സംസ്‌കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും, ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാവില്ല. ഭരണഘടനയിൽ വ്യത്യസ്‌ത ഭാഷകൾക്ക് അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കാതിരിക്കുക എന്നത് സംഘ്‌പരിവാർ അജണ്ടയാണ്. ഭാഷയെ തകർത്താൽ രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാം. ഏകശിലാരൂപത്തിലേക്ക് മാറ്റാമെന്നും അവർ കരുതുന്നു. ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണിത്. ദേശീയ ഭാഷാ എന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ് നമ്മൾ സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കുന്നത്. എന്നാൽ അത് അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ അംഗീകരിക്കാനാവില്ല. പ്രാദേശിക ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം. ഭാഷ ജീവന്റെ സ്‌പന്ദനം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.