തിരുവനന്തപുരം> കാലാവധി പൂർത്തിയാവാൻ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിൽ കടന്നുവരാമെന്നാണ് ഗവർണർ ആലോചിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ഗവർണറുടെ നടപടി. ഗവർണറായി ഇരുന്നു കൊണ്ട് സംസ്ഥാന സർക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകൾ പദവിയ്ക്ക് ചേർന്ന പ്രവൃത്തിയാണോ എന്ന് സ്വയം വിലയിരുത്തണമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘപരിവാർ വേദികളിലാണ് ഗവർണർ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്. സർവകലാശാലകളിൽ സർക്കാർ രാഷ്ട്രീയമായി ഇടപെടുന്നു എന്നു പറയുന്നു. ആരാണ് ഇടപെടുന്നത് എന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. സംഘപരിവാറുമായുള്ള അടുത്ത ബന്ധം വെച്ച് അവരുടെ അജണ്ടകൾ ഔപചാരികമായി നടത്തുന്ന നിലപാടാണ് ഗവർണർക്കുള്ളത്. സെനറ്റിലേക്ക് ഗവർണർ നടത്തിയ നാല് നോമിനേഷനുകൾ മാത്രമല്ല എല്ലാ നിർദ്ദേശങ്ങളും സ്റ്റേ ചെയ്യേണ്ടതാണെന്നുംഎം വി ഗോവിന്ദൻ പറഞ്ഞു.
ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു. ശബരിമലയിൽ എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും തയ്യാറാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ തിരക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ ബസിൽ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമായി കാണിക്കുന്ന സമീപനമുണ്ടായി. ബിജെപി നടത്തിയ വ്യാജ പ്രചാരണം കോൺഗ്രസും ഏറ്റെടുത്തു. നവ കേരള സദസ്സ് വലിയ ജന പിന്തുണയോടുകൂടി മുന്നേറുകയാണ്. നവകേരള സദസ്സിനെ തളര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതിപക്ഷ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.