തിരുവനന്തപുരം: സിപിഎമ്മിന്റെ അടിയന്തര സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും. ഞയറാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കും. സംഘടനാ നേതൃതലപ്പത്തെ ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നാണ് സൂചന. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി നൽകുമോ എന്നുള്ളതിലും തീരുമാനം വന്നേക്കും.
സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുടെ നടപടികളും ചര്‍ച്ചക്ക് വരും. സംസ്ഥാന സർക്കാരും ഗവര്‍ണറും തമ്മിലുളള പോര് അസാധാരണ നിലയിലേക്ക് നീങ്ങുകയാണ്. നിയമസഭ പാസാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു. ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് സൂചിപ്പിക്കുന്നത്.
മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട ഗവർണർക്ക് എങ്ങനെ ബില്ലുകളെ അവഗണിക്കാൻ കഴിയുമെന്നാണ് സർക്കാരും സിപിഎമ്മും ഉയർത്തുന്ന ചോദ്യം. ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫാകാനാണ് ഗവർണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാം, വിശദാംശങ്ങൾ തേടി തിരിച്ച് അയക്കാം. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടനയിൽ പറയുന്നത്.
വിശദാംശങ്ങൾ തേടി തിരിച്ചയച്ച ബിൽ വീണ്ടും പരിഗണിക്കാൻ നൽകിയാൽ ഗവർണർ ഒപ്പിടണം. പക്ഷേ പലപ്പോഴും മിക്ക ഗവർണര്‍മാരും എതിരഭിപ്രായമുള്ള ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതാണ് ഇന്ത്യയിലെ പതിവ്. ‘പോക്കറ്റ് വീറ്റോ’ എന്ന് വിളിപ്പേരിൽ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഒരുവശത്ത് സിപിഎം രാഷ്ട്രീയ സമ്മർദ്ദം തുടരുന്നതിനൊപ്പം മറുവശത്ത് സർക്കാർ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇനി ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്.