തിരുവനന്തപുരം : സി പി ഐ എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി ഐ എം സ്ത്രീകളെ പൂര്‍ണമായും തഴഞ്ഞെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണം മുസ്ലീം ലീഗിന് വേണ്ടിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സി പി ഐ എമ്മിന്റെ നയംമാറ്റം കപടതയാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശിച്ചു.
വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി വിപുലീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളെ തഴഞ്ഞെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളാണ് സിപിഐഎമ്മില്‍ സ്ത്രീകള്‍ക്ക് നീതികിട്ടുന്നില്ലെന്ന ആക്ഷേപം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത്. വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നും ഇതിനെതിരേ പരാതി നല്‍കിയാലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതൊന്നും പാര്‍ട്ടി നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് പി.ശശിയെ പോലുള്ളവരുടെ സിപിഐഎം സംസ്ഥാന സമിതിയിലെ സാന്നിധ്യമെന്നും പി.കെ.ശശി, ഗോപി കോട്ടമുറിക്കല്‍, പി.എന്‍.ജയന്ത് തുടങ്ങിയ നേതാക്കളെക്കൂടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താമായിരുന്നെന്നും ഇന്നലെ സുധാകരന്‍ കുറ്റപ്പെടുത്തുകയായിരുന്നു.