തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കളുടെ പ്രതികരണങ്ങൾ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി അടക്കമുള്ള നേതാക്കൾ, റാലിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളിൽ പ്രകടമായിരുന്നു.
സിപിഐഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോൺഗ്രസ് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. വ്യക്തമായ നിലപാടില്ലാത്തതിനാൽ കോൺഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിർത്തും. പ്രശ്നത്തിൽ മുസ്ലീംലീഗ് നിലപാട് ശരിയെന്ന വിലയിരുത്തലും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി. പലസ്തീൻ വിഷയത്തിലൂടെ ലീഗിനെ ഇടതുപക്ഷത്ത് അനുകൂലമാക്കി നിർത്താനുള്ള സിപിഐഎമ്മിന്റെ പ്രതീക്ഷയും അസ്തമിക്കുകയാണ്.