ത്രിപുര : വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുരയിലെ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ചേർന്ന് അഗർത്തലയിൽ റാലി സംഘടിപ്പിച്ചു. മൂന്നു കിലോമീറ്ററോളം നീണ്ട പ്രകടനത്തിൽ ദേശീയപതാകയുമായാണ് പ്രവർത്തകർ അണിനിരന്നത്. ഒരുകാലത്ത് കടുത്ത എതിരാളികളായിരുന്ന കോൺഗ്രസും ഇടതുപക്ഷവും ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടി കൂട്ടുകെട്ടിനെ നേരിടാനാണ് ഒരുമിച്ച് ശക്തിപ്രകടനം നടത്തിയതെന്നാണ് സൂചന.
“എന്‍റെ വോട്ട്, എന്‍റെ അവകാശം” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള റാലി ഇടതുപാർട്ടികളുടെയോ കോൺഗ്രസിന്‍റെയോ ബാനറിന് കീഴിലായിരുന്നില്ല എന്നതും ശ്രദ്ധേയമായി. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ സാമൂഹിക പ്രവർത്തകർ, മുതിർന്ന പൗരന്മാർ തുടങ്ങിയവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും റാലിയിൽ പങ്കെടുത്തവർ ഉയർത്തി.
രവീന്ദ്രഭവനിൽ നിന്ന് പഴയ മോട്ടോർ സ്റ്റാൻഡ് വഴി ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) ഓഫീസിന് മുന്നിൽവരെ മൂന്ന് കിലോമീറ്റർ നീണ്ട മാർച്ചിൽ പങ്കെടുത്തവർ ദേശീയ പതാക വീശി. ഇടതുമുന്നണിയുടെയും കോൺഗ്രസിന്‍റെയും മുതിർന്ന നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് റാലിയിൽ പ്രസംഗിച്ച നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപി സർക്കാരിന്‍റെ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഇത് നിഷേധിക്കപ്പെട്ടുവെന്ന് അവർ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി സമ്മർദ്ദം ചെലുത്താൻ ഒരു പ്രതിനിധി സംഘം ചീഫ് ഇലക്ട്റൽ ഓഫീസർ ഗിറ്റെ കിരൺകുമാർ ദിനകരറാവുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് റാലി സമാപിച്ചത്.