കണ്ണൂർ : പണിമുടക്കിൽ എല്ലാം അടഞ്ഞുകിടക്കുമ്പോഴും പാർട്ടി കോൺഗ്രസിന്റെ മുഖ്യവേദിയായ നായനാർ അക്കാദമിയിൽ പണിത്തിരിക്ക്. അവിടെ പണിമുടക്കറിയാതെ ജോലി ചെയ്യുകയാണ് മറുനാടൻതൊഴിലാളികൾ. നായനാർ അക്കാദമിയിൽ തൊഴിലാളികൾ പണിയെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ മറുപടി ഇങ്ങനെ- ”എന്തു പണി, അതൊക്കെ ഞായറാഴ്ചയേ കഴിഞ്ഞിരുന്നു. തൂണിന്റെയും അലൂമിനിയം ഷീറ്റിന്റെയും ജോലി രാത്രിതന്നെ കഴിഞ്ഞു. ഇനി സ്റ്റേജിൽ കസേര നിരത്താനുള്ള പണികളേ ബാക്കിയുള്ളു. ഉത്തരേന്ത്യൻ തൊഴിലാളികൾ മാസങ്ങളായി അവിടെ ഉണ്ട്. അല്ലാതെ പണിമുടക്ക് ദിവസം പണിയൊന്നും നടന്നിട്ടില്ല”.
ഏപ്രിൽ ആറുമുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്. അതിന്റെ മുഖ്യവേദിയാണ് നായനാർ അക്കാദമി. അക്കാദമിയിലെ നിർമാണ പ്രവൃത്തികളിൽ തീരദേശപരിപാലന നിയമവും കെട്ടിടനിയമങ്ങളും ലംഘിച്ചുവെന്ന് കാട്ടി കൺന്റോൺമെന്റ് സ്റ്റോപ്പ് മെമ്മൊകൊടുത്തിരുന്നു. അതു കാരണം പണി ദിവസങ്ങളോളം നിലച്ചിരുന്നു. വിശദീകരണം നൽകിയതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് അനുമതി ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കാനുള്ള തിരക്കിലാണ് സംഘാടകർ.