ദില്ലി :എ എ റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പോലീസ് കയ്യേറ്റത്തെ അപലപിച്ച് സി പി എം. കസ്റ്റഡിയിലെടുത്ത എല്ലാവരേയും ഉടനെ പുറത്തിറക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. ദില്ലിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു . ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി.
വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ വലിയ സുരക്ഷാ വിന്യാസമാണ് സ്ഥലത്തുള്ളത്. റഹീം പാർലമെന്റ് അംഗമാണെന്നറിയിച്ചിട്ടും പൊലീസ് സംഘം നിലത്തിട്ട് വലിച്ചിഴച്ചു. എല്ലാവരെയും അറസ്റ്റ് ചെയ്ത് ദില്ലിയിലെ ദ്വാരക സെക്ടർ 23 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ദില്ലിയിലെ വിവിധ പ്രദേശങ്ങളിലൂടെ ബസിൽ സഞ്ചരിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. മലയാളി മാധ്യമപ്രവർത്തകർക്ക് നേരയും കയ്യേറ്റ ശ്രമുണ്ടായി.