തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണ കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. സന്ദീപ്, സെഫിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിൽ എബിവിപി തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറി ഹരിശങ്കർ, ചാലക്കുടി സ്വദേശി ലാൽ, വഞ്ചിയൂരിൽ വാർഡ് കൗൺസിലറെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒറ്റശേഖരമംഗലം സ്വദേശി സതീർത്ഥ്യൻ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം അഞ്ചായി.
പ്രതികളായ ഹരിശങ്കറും സതീർത്ഥ്യനും ഓടിച്ച രണ്ട് ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമികൾ എത്തിയ ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സിപിഎം ഓഫീസ് ആക്രമിക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വീടിന് നേരെയും ആക്രമണം ഉണ്ടായി.
ഇന്നലെ രാത്രിയാണ് ആനാവൂർ നാഗപ്പന്‍റെ നെയ്യാറ്റിൻകര മണവാരിയിലെ വീടിന് നേരെ കല്ലേറുണ്ടായത്. ആനാവൂർ നാഗപ്പൻ കിടന്നുറങ്ങുന്ന മുറിയിലേക്കെറിഞ്ഞ കല്ലും ചില്ലും കട്ടിലിൽ പതിച്ചു. എന്നാല്‍ സംഭവസമയത്ത് ആനാവൂർ നാഗപ്പന്‍ വീട്ടിൽ ഉണ്ടായിരുന്നില്ല. വട്ടിയൂര്‍ക്കാവ്, നെട്ടയം ഭാഗങ്ങളിലും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. മണികണ്ഠേശ്വരത്ത് ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് വി അനൂപ്, പേരൂര്‍ക്കട ബ്ലോക്ക് സെക്രട്ടറി അമൽ, പ്രസിഡന്‍റ് നിഖിൽ എന്നിവര്‍ക്കെതിരെ ആക്രമണമുണ്ടായി. തുടർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.