കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള വേദിയിലേക്ക് രണ്ട് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം. സെമിനാർ വേദിയിലേക്ക് ശശി തരൂർ, കെ വി തോമസ് എന്നിവരെയാണ് സി പി എം ക്ഷണിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ സിപിഎം ക്ഷണിച്ചിരിക്കുന്നത്.
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും സി പി എം പാർട്ടി കോൺഗ്രസ് നടത്തുക. ജനുവരിയിൽ ഹൈദരാബാദിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റിയാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ചേരാൻ തീരൂമാനിച്ചത്. ഇതിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങെല്ലാം സി പി എം ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. കേരള സംസ്ഥാന സമ്മേളനം കൊച്ചിയിൽ ചേരുകയും കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോർട്ട് തയ്യാറാക്കാനായി പി ബി യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ സംഘടന റിപ്പോർട്ട് ചർച്ച ചെയ്യും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയത്തിന്‍റെ ഭേദഗതികളെ കുറിച്ചടക്കം രണ്ട് ദിവസമായി ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച നടന്നു.