തിരുവനന്തപുരം : പദവികളിൽ നിന്നൊഴിവാക്കിയ കോൺഗ്രസ് നടപടിയിൽ, കെ വി തോമസിന്‍റെ തീരുമാനത്തിനായി കാക്കുകയാണ് സിപിഎം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ കെ വി തോമസിനെ ഇടതു പാളയത്തിലെത്തിക്കാനാണ് സിപിഎമ്മിന്‍റെയും ശ്രമങ്ങൾ. എന്നാൽ കോണ്‍ഗ്രസ് ഉടൻ പുറത്താക്കില്ലെന്നിരിക്കെ സിപിഎമ്മും ആശയക്കുഴപ്പത്തിലാണ്. പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുതൽ കെ വി തോമസിന് മുന്നിൽ സിപിഎം കവാടങ്ങൾ തുറന്നിട്ട് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കെ വി തോമസിനായി രംഗത്തെത്തിയതോടെ ഉടൻ പുറത്താക്കാൻ നിന്ന കോണ്‍ഗ്രസും ഒരു ചുവട് പിന്നോട്ട് വച്ചു. വിലക്ക് ലംഘിച്ചാൽ പാർട്ടിയിലുണ്ടാകില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞിട്ടും കെവി തോമസ് കോണ്‍ഗ്രസിൽ തന്നെയുണ്ട്. അതിവേഗം പുറത്താക്കി വീരപരിവേഷത്തോടെ തോമസ് സിപിഎമ്മിലേക്ക് പോകേണ്ടെന്ന് കരുതിയാണ് കോൺഗ്രസ്സിൻറെ തന്ത്രപരമായ നീക്കം.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന പോലും കെ വി തോമസിന് ഉള്ള ക്ഷണമാണ്. പക്ഷേ കോണ്‍ഗ്രസ് പുറത്താക്കാതിരിക്കുകയും കെ വി തോമസ് നിലപാട് പറയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സിപിഎമ്മും ആശയക്കുഴപ്പത്തിലാണ്. കെ വി തോമസ് ആദ്യം ഒരു തീരുമാനമെടുക്കട്ടെയെന്നാണ് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്. പ്രായപരിധി കർശനമാക്കിയത് കൊണ്ട് സിപിഎമ്മിൽ ക്രമേണ ഒരു പദവിയിലേക്ക് ഉയർത്തുക സാധ്യമല്ല. വന്നാൽ ക്യാബിനറ്റ് റാങ്കുള്ള പദവിയാണ് മിനിമം ഗ്യാരണ്ടി. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന് ഒരു രാഷ്ട്രീയ ആയുധം നൽകേണ്ടെന്ന തന്ത്രമാണ് കോണ്‍ഗ്രസിന്. എന്നാൽ കെ വി തോമസ് ഇനി എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പ് കാലത്ത് കെവി തോമസ് അവിടെയും ഇവിടെയും ഇല്ലാതെ വീട്ടിലിരിക്കുമോ എന്ന ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു.