ആലപ്പുഴ∙ കോളജ് അഡ്മിഷനായി പലർക്കുവേണ്ടിയും ശുപാർശ ചെയ്തിട്ടുണ്ടെന്നും ആർക്കൊക്കെ വേണ്ടി സംസാരിച്ചു എന്ന് ഓർത്തുവയ്ക്കാന്‍ കഴിയില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ. നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇതുമായി തന്റെ പേര് ബന്ധിപ്പിക്കരുതെന്നും ബാബുജാൻ പറഞ്ഞു. ‘‘പിജി പ്രവേശന തീയതി നീട്ടിയത് 600 സീറ്റ് ഒഴിഞ്ഞുകിടന്നതിനാലാണ്.
പ്രവേശന തീയതി നീട്ടാൻ തീരുമാനിച്ച ഓൺലൈൻ സമിതിയിൽ ഞാനില്ല’’– ബാബുജാൻ വിശദീകരിച്ചു. കായംകുളം എംഎസ്എം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് അഡ്മിഷൻ നേടാൻ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനെ വഴിവിട്ട് സഹായിച്ചത് ബാബുജാനാണെന്ന് ആരോപണം ഉയർന്നിരുന്നു.വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോം പ്രവേശനം നേടിയ നിഖിൽ തോമസിന്റെ കോളജ് പ്രവേശനത്തിനായി ഇടപെട്ടത് പാർട്ടിയിൽ ഉള്ളയാളാണെന്നു എംഎസ്എം കോളജ് മാനേജർ ഹിലാൽ ബാബു രണ്ടുദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം പേര് പറയാൻ തയ്യാറായിരുന്നില്ല. ‘‘അദ്ദേഹം ഇപ്പോഴും സജീവമായി നിൽക്കുന്നയാളാണ്. പേരു പറഞ്ഞാൽ അദ്ദേഹത്തെ വ്യക്തിപരമായി ബാധിക്കും’’. പേര് വെളിപ്പെടുത്തി ആ വ്യക്തിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനില്ലെന്നായിരുന്നു ഹിലാൽ ബാബു പറഞ്ഞത്.
അതേസമയം നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.