തിരുവനന്തപുരം : എസ്എഫ്ഐ നേതാവ് ധീരജിന്റെ മരണത്തിൽ, ജില്ല സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ധീരജ് കൊലപാതകത്തിന് ശേഷം കാര്യങ്ങൾ വെളിപ്പെടുത്തിയ എസ് എഫ് ഐ പ്രവർത്തകനെ വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്. കോൺഗ്രസ് ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ല. ധിക്കാരവും ഭീഷണിയും ആണ് സി വി വർഗീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഗുണ്ടാ നേതാവിന്റെ ഭാഷയാണ് അദ്ദേഹത്തിന്റേത്. നികൃഷ്ട ജീവി പരാമർശത്തിന്റെ ചരിത്രം ഓർക്കണം എന്നും വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് പുനസംഘടന സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി ചർച്ച ആയില്ലെന്നും തിരുവനന്തപുരത്ത് ചർച്ചകൾ തുടരുമെന്നും വി ഡി സതീശൻ പറഞ്ഞു. കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്.
‘സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഎം നേതാവ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം. ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ പല തവണ രംഗത്തെത്തിയിരുന്നു. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോ തുടങ്ങിയ പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്. ഇതിന് പിന്നാലെ ഇടുക്കിയിൽ വലിയ പ്രതിഷേധമുണ്ടായി.
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ഇടുക്കി ചെറുതോണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അതേ യോഗത്തിൽ വെച്ചാണ് സുധാകരനെ ഭീഷണിപ്പെടുത്തുന്ന പരാമർശവും ഉണ്ടായത്. നേരത്തെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ വൺ ടു ത്രി കൊലപാതക പരാമർശവും വലിയ വിവാദമായിരുന്നു. അതേസമയം പറഞ്ഞതിനെ ന്യായീകരിച്ച് സി വി വർഗീസ് രംഗത്തെത്തി. ”ധീരജ് കേസിലെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരൻ പറഞ്ഞു. പ്രതികളെ ജയിലിൽ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും പറഞ്ഞു. സുധാകരൻ ഇടുക്കിയിൽ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്.
അത്തരം പരമാർശം നടത്തേണ്ടിയിരുന്നോ എന്ന് സുധാകരനാണ് പറയേണ്ടത്”. സന്ദർഭത്തിന് അനുസരിച്ചുള്ള ഒരു മറുപടിയാണ് നൽകിയതെന്നും ഏറ്റവും മാന്യമായി സത്യം പറഞ്ഞതാണെന്നും വർഗീസ് വിശദീകരിക്കുന്നു. പരാമർശം വിവാദമായതോടെയാണ് സി വി വർഗീസിന്റെ വിശദീകരണം.