കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുത്തു. ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം നേരത്തെ വിശദീകരണം നല്‍കിയിരുന്നത്. ഇപ്പോഴും ഇതുതന്നെയാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ പറയുന്നത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിശദീകരണം. പ്രാദേശിക നേതാക്കളാണ് പോയിട്ടുള്ളത്, ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും പോയിട്ടില്ലെന്നും പി ജയരാജൻ.
പാനൂര്‍ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണിപ്പോള്‍. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്. സംസ്ഥാന വ്യാപകമായി പൊലീസും പരിശോധന കര്‍ശനമാക്കിയിരുന്നു.
അതേസമയം കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. അതുല്‍, അരുൺ, ഷിബിൻ ലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മരിച്ച ഷെറിലും പരുക്കേറ്റ വിനീഷും കസ്റ്റഡിയിലുള്ള സായൂജും സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്നാണ് സൂചന. ബോംബ് നിര്‍മ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്ഫോടനമുണ്ടായത്. പരുക്കേറ്റ വിനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.