പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ സുരേഷ് ചങ്ങാടത്ത് (സിപിഎം) തിരഞ്ഞെടുക്കപ്പെട്ടു. റോഡ് വികസന പ്രവർത്തനവുമായി പാർട്ടിക്കുള്ളിലുണ്ടായിരുന്ന പ്രശ്നത്തെ തുടർന്ന് നിലവിലെ പ്രസിഡന്റ് കെ.പി. ഗോപാലൻ നായർ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്.
കീഴരിയൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗോപാലൻ നായർ ഡിവിഷൻ അംഗത്വവും രാജിവച്ചിരുന്നു. നാലിനെതിരെ എട്ടു വോട്ടുകൾ നേടിയാണ് സുരേഷ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ രാജീവൻ കൊടലൂർ (കോൺഗ്രസ്) ആയിരുന്നു എതിർ സ്ഥാനാർഥി. ഡപ്യൂട്ടി കലക്ടർ (ആർആർ) ഷാമിൻ സെബാസ്റ്റ്യൻ വരണാധികാരിയായി.