തിരുവനന്തപുരം: പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി. ജയരാജന് പൂർണ പിന്തുണയുമായി സി.പി.എം. ഇ.പി. ജയരാജനെതിരെ നടക്കുന്നത് കള്ളപ്രചാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ തന്റെ നിലപാട് ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരിച്ചിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.
ബി.ജെ.പി നേതാവിനെ കണ്ട കാര്യം ഇ.പി. നേരത്തേ പറഞ്ഞു. കൂടിക്കാഴ്ച പാർട്ടിക്ക് ദോഷം ചെയ്യില്ലെന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇ.പി. ബി.ജെ.പി നേതാവിനെ കണ്ടത് തെറ്റാണ് എന്ന് പറയാനാവില്ല. വ്യക്തിപരമായി ഒരാളെ കണ്ടാൽ അതൊക്കെ തെറ്റായിപ്പോയെന്ന് പറയുന്നത് എന്ത് ഭ്രാന്താണ്. സാമൂഹിക ജീവിതത്തിലെ സാംസ്കാരിക മൂല്യമുള്ള ഒരു രാഷ്ട്രീയമാണ് നമ്മളെല്ലാവരും കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും ഒരാളെ കണ്ട ഉടനെ ആ രാഷ്ട്രീയം അവസാനിച്ചുപോകും എന്നത് എന്ത് തെറ്റായ വിശകലനമാണ്. പ്രധാനമന്ത്രിയെവരെ കണ്ടാൽ എന്താണ് പ്രശ്നം. അവരോട് മിണ്ടാൻ പാടില്ല കാണാൻ പാടില്ല എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ല. ചർച്ചക്ക് പോകുമ്പോഴൊക്കെ സ്ഥിരമായി കാണാറുണ്ട്. അതേസമയംതന്നെ രാഷ്ട്രീയത്തിൽ കർശന നിലപാട് സ്വീകരിക്കാൻ സാധിക്കും.
കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇ.പിക്കെതിരായ ആരോപണങ്ങൾ പിന്നിൽ. വിവാദത്തെ കുറിച്ച് ഇ.പി. ജയരാജൻ വിശദീകരണം നൽകി. പാർട്ടി അക്കാര്യം പരിശോധിക്കുകയും ചെയ്തു. നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പാർട്ടി ഇ.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
പാർട്ടി പിന്തുണച്ചതോടെ ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനറായി തുടരും. വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോൺഗ്രസ് വർഗീയ ധ്രുവീകരണം ഏറ്റുപിടിച്ചു. മോദിയുടെ ഗാരന്റി ജനം തള്ളിയെന്നും ദേശീയതലത്തിൽ ബി.ജെ.പി ദുർബലമാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.