കൊല്ലം∙ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെച്ചൊല്ലിയുള്ള വിവാദങ്ങൾ സിപിഎമ്മിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു. തെറ്റുതിരുത്തൽ േരഖ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത് ജില്ലാ സെക്രട്ടേറിയറ്റ് – ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുന്നതിനിടെയാണു, ചിന്തയ്ക്കെതിരെ റിസോർട്ട് വിവാദം ഉയർന്നത്. ജില്ലാ കമ്മിറ്റിയിൽ ചിന്തയ്ക്കെതിരെ വിമർശനം ഉയർന്നെങ്കിലും സംസ്ഥാന– ജില്ലാ നേതൃത്വങ്ങൾ പ്രതികരിച്ചിട്ടില്ല.ഉയർന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ പിഴവുകൾ തുടങ്ങിയ വിവാദങ്ങൾക്കു പിന്നാലെയാണു ചിന്ത ദീർഘകാലം കൊല്ലം നഗരത്തിലെ റിസോർട്ടിൽ താമസിച്ചെന്ന വിവരം പുറത്തായത്. അമ്മയുടെ ചികിത്സയ്ക്കായാണ് 20000 രൂപ പ്രതിമാസ വാടകയ്ക്കു റിസോർട്ടിൽ താമസിച്ചതെന്നു ചിന്ത നൽകിയ വിശദീകരണം കൂടുതൽ വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുകയും ചെയ്തു.
പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ ചിന്ത മാധ്യമങ്ങൾക്ക് ഈ വിശദീകരണം നൽകിയതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റിയിൽ അപ്രതീക്ഷിതമായി വിമർശനമുയർന്നത്. ഉയർന്ന ശമ്പളം സംബന്ധിച്ച വിഷയത്തിൽ ചിന്ത യാഥാർഥ്യം ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇത്രയും കുഴപ്പം ഉണ്ടാകില്ലായിരുന്നെന്ന പരാമർശം യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗം ദിനേശൻ പുത്തലത്ത് നടത്തുകയും ചെയ്തു.ചിന്തയ്ക്കെതിരെ വിജിലൻസിനും ഇഡിക്കും ജിഎസ്ടി കമ്മിഷണർക്കും യൂത്ത് കോൺഗ്രസ് പരാതി നൽകിയതിനു പിന്നാലെ റിസോർട്ടിലേക്കു കോൺഗ്രസ് മാർച്ച് നടത്തുകയും ചെയ്തതോടെ രാഷ്ട്രീയമായും സിപിഎം പ്രതിരോധത്തിലായി. ഇന്നും നാളെയും ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്തേക്കും.ചിന്ത റിസോർട്ടിൽ താമസിക്കുന്ന വിവരം പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും അറിയാമായിരുന്നു.