തിരുവനന്തപുരം : രാജ് ഭവന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തിയാൽ മന്ത്രിമാരെ പിൻവലിക്കും എന്ന ഗവർണ്ണറുടെ ഭീഷണി നേരിടാൻ സി പി എം. ഇല്ലാത്ത അധികാരം പറഞ്ഞുള്ള മുന്നറിയിപ്പ് ആർ എസ് എസ് അജണ്ട നടപ്പാക്കാൻ ആണെന്നാണ് പാർട്ടി വിമർശനം.ഗവർണ്ണർക്ക് രാഷ്ട്രീയമായി പാർട്ടി നേതാക്കൾ മറുപടി നൽകും. ഇന്നു വാർത്ത സമ്മേളനം നടത്താൻ സാധ്യത ഉള്ള മുഖ്യമന്ത്രി എന്ത് മറുപടി നൽകും എന്നത് പ്രധാനമാണ്. അതെ സമയം സർക്കാരിന്റെയും സർവകലാശാലകളുടെയും വീഴ്ചകളിൽ വിട്ടു വീഴ്ച്ച ഇല്ലാതെ മുന്നോട്ട് പോകാൻ ആണ് ഗവർണ്ണറുടെ തീരുമാനം
ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയത്. മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നും ഇന്നലെ ഉണ്ടായത്.