ഏങ്ങണ്ടിയൂർ (തൃശൂർ) ∙ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ് 46 ദിവസമായി ചികിത്സയിലായിരുന്ന അമൽ കൃഷ്ണ (31) മരിച്ചു. സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി. സുധയുടെ മകനാണ് അമൽ കൃഷ്ണ. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.എൻ. ജ്യോതിലാൽ, ഏരിയ കമ്മിറ്റി അംഗം സുൽത്താൻ, ലോക്കൽ കമ്മിറ്റി അംഗം ഷെബി എന്നിവർ ചേർന്നു മർദിച്ചെന്നാണു കേസ്.
ഫെബ്രുവരി ഒന്നിന് പഞ്ചായത്ത് ഓഫിസിന് ഉള്ളിലുണ്ടായ സംഘർഷം പുറത്തേക്കെത്തുകയും ഇവിടെ വച്ച് അമൽ കൃഷ്ണയെ നിലത്തിട്ടു ചവിട്ടുകയും ചെയ്തെന്നാണു മൊഴി. കഴുത്തിൽ ചവിട്ടേറ്റതിനെ തുടർന്ന് അമലിന്റെ സ്ഥിതി ഗുരുതരമായിരുന്നു. 46 ദിവസത്തോളം എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഥിതി മെച്ചപ്പെടാതെ വന്നതോടെ രണ്ടു ദിവസം മുൻപു വീട്ടിലേക്കു കൊണ്ടുപോയി. ഇന്നലെയാണു മരിച്ചത്.
ഏങ്ങണ്ടിയൂർ സഹകരണ ബാങ്കിൽ അമൽ കൃഷ്ണയ്ക്കു ജോലി നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ തന്റെ സഹോദരൻ ഷെബിന് ഈ ജോലി ലഭിക്കാനായി സുൽത്താൻ ശ്രമിച്ചിരുന്നെന്നാണു വിവരം. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണു മർദനത്തിലെത്തിയത്.
അമൽ കൃഷ്ണയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് പാർട്ടിയിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്നു പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഇന്നു സംസ്കരിക്കും.
ഒത്തുതീർപ്പ് പാഴായി; ഇനി കൊലപാതകക്കേസ്
പാർട്ടിയുമായി ബന്ധമുള്ളവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതര പരുക്കേറ്റിട്ടും പൊലീസിലെ പരാതി ദുർബലപ്പെടുത്തി നടത്തിയ ഒത്തുതീർപ്പു പാഴായി. അമൽ കൃഷ്ണയുടെ മരണത്തോടെ അടിപിടിക്കേസ് കൊലപാതകക്കേസായി മാറി. സംഘർഷത്തെത്തുടർന്ന് ഇരുകൂട്ടരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. തുടർന്നു പാർട്ടി തലത്തിൽ നടന്ന ചർച്ചയെത്തുടർന്നു പരാതികൾ ലഘൂകരിക്കപ്പെടുകയും സംഭവം അടിപിടിക്കേസ് മാത്രമായി മാറുകയും ചെയ്തു. കേസ് കൊലപാതകമായതോടെ കോൺഗ്രസും സിപിഎമ്മിലെ ഒരു വിഭാഗവും ഇതു രാഷ്ട്രീയ വിഷയമായി ഏറ്റെടുത്തിട്ടുണ്ട്.