തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം മേയർ ആര്യ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഓഫിസിലെ ജീവനക്കാരുടെയും മൊഴിയെടുത്തു. വിശദ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു മൊഴിയെടുപ്പ്.
അതേസമയം, കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ ആവർത്തിച്ചു. ലെറ്റർ പാഡിലെ ഒപ്പ് സ്കാൻ ചെയ്ത് കൃത്രിമമായി തയാറാക്കിയതാവാമെന്നും അവർ മൊഴി നൽകി. കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഓഫിസ് ജീവനക്കാരും പറഞ്ഞു.
കോർപ്പറേഷനുകീഴിലുള്ള ഒഴിവുകളിലെ നിയമനത്തിന് ശുപാർശ തേടിയുള്ള കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കത്ത് കോർപ്പറേഷനിൽ തന്നെ തയാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.