തിരുവനന്തപുരം: പോക്സോ കേസിൽ ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദം തള്ളി ക്രൈംബ്രാഞ്ച്. സുധാകരനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് തട്ടിപ്പു കേസിലാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയും കെ. സുധാകരൻ രണ്ടാം പ്രതിയുമായ കേസിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.
2019 ജൂലൈ 26നാണ് മോൻസൺ പെൺകുട്ടിയെ പീഡിപ്പിച്ചത്. 2018 നവംബറിലാണ് സുധാകരൻ മോൻസന്റെ വീട്ടിലെത്തിയത്. പോക്സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ല.അതിജീവിത സുധാകരനെതിരെ മൊഴി നൽകിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മോൻസണെതിരെ വിധി വന്നതിന്റെ പിറ്റേന്നാണ് സുധാകരനെതിരെ ഗുരുതര ആരോപണവുമായി എം.വി. ഗോവിന്ദൻ രംഗത്തുവന്നത്. തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചതെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.