തിരുവനന്തപുരം : വധഗൂഡാലോചനാ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ക്രൈംബ്രാഞ്ച് എസ്പി പി മോഹനചന്ദ്രന്‍. ആറായിരത്തോളം ശബ്ദരേഖകളാണ് കേസുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നത്. അതെല്ലാം പരിശോധിക്കുമ്പോഴാണ് സാക്ഷിയെ സ്വാധീനിക്കുന്ന തരത്തിലുള്ള തെളിവുകള്‍ കിട്ടിയത്. അടുത്ത ആഴ്ചയോടെ ചില ഫലങ്ങള്‍ കൂടി കിട്ടാനുണ്ട്.
ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും എസ്പി പി. മോഹനചന്ദ്രന്‍ പറഞ്ഞു. ദിലീപിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ദുരുദ്ദേശമില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തല്‍. അന്വേഷണത്തില്‍ അപാകത കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി 2017ല്‍ നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും അതില്‍ സംശയങ്ങളുയര്‍ന്നേക്കാമെന്നും വ്യക്തമാക്കി.
അന്വേഷണ സംഘത്തിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്നും ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നുമുള്ള ദിലീപിന്റെ ആവശ്യമാണ് കോടതി തള്ളിയത്. നിലവില്‍ കേസ് മറ്റൊരു ഏജന്‍സിക്ക് വിടേണ്ടകാര്യമല്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കോടതി വിധി പ്രതീക്ഷിച്ചിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. ദിലീപിന്റെ ഹര്‍ജി തള്ളിയ വിധിയില്‍ അതിയായ സന്തോഷമുണ്ട്. താന്‍ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു, അംഗീകരിച്ചു. തന്റെ വിശ്വാസ്യത തകര്‍ക്കാന്‍ എതിര്‍കക്ഷികള്‍ ശ്രമിച്ചുവെന്നും വിധിയിലൂടെ തന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.