മോസ്കോ: റഷ്യയെ ക്രിമിയയുമായി ബന്ധപ്പിക്കുന്ന റെയിൽ-റോഡ് പാലത്തിൽ പൊട്ടിത്തെറി. ആറ് മണിയോടെയാണ് സംഭവമുണ്ടായത്. ലോറിയിൽ പൊട്ടിത്തെറിയുണ്ടാവുകയും പിന്നീട് തീ എണ്ണയുമായി വന്ന തീവണ്ടിയിലേക്ക് പടരുകയുമായിരുന്നുവെന്നാണ് റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ, അപകടത്തിന്റെ കാരണം ഇനിയും പുറത്ത് വന്നിട്ടില്ല.
മൂന്ന് പേർ അപകടത്തിൽമരിച്ചുവെന്നാണ് പ്രാഥിക നിഗമനം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.പാലത്തിന്റെ രണ്ട് സെക്ഷനുകൾ പൊട്ടിത്തെറിയിൽ തകർന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം, യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് പാലത്തിലെ പൊട്ടിത്തെറിയെന്നാണ് സൂചന. യുക്രെയ്നിന്റെ വടക്കൻ പ്രദേശത്ത് പോരാടുന്ന റഷ്യൻ സൈനികർക്ക് ആയുധങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നത് ഈ പാലത്തിലൂടെയാണ്. കൂടുതൽ സൈന്യത്തേയും റഷ്യ പാലത്തിലൂടെ അയക്കാറുണ്ട്. പാലത്തിന്റെ തകർച്ച ഇതിനെല്ലാം വിഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, പാലത്തിന്റെ അറ്റകൂറ്റപ്പണി ഇന്ന് തന്നെ തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്.