വർക്കല: വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പതിനൊന്നു വർഷങ്ങൾക്കു മുമ്പുള്ള ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളി ആണ് പിടിയിലായത്. ചെറുന്നിയൂർ വില്ലേജിൽ വെന്നിക്കോട് ദേശത്ത് പണയിൽ കടവ് മൺകുഴി സുകന്യ നിവാസിൽ ശശി ലാൽ മകൻ രാജേഷ്(39) ആണ് ഇന്നലെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. 2011ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ചെറിന്നിയൂർ സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മൺചട്ടിയെടുത്ത് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പ്രതി നാടുവിടുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിസ്സ. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പൊലീസിന്‍റെ വലയിലായത്.
വർക്കല ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ് എച്ച് ഓ സനോജ് എസും സംഘവും നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ രാഹുൽ പി ആർ, എസ് ഐ സതീശൻ, സിപിഓമാരായ ഫാറൂഖ്, അഭിലാഷ്, സുധീർ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.