തിരുവനന്തപുരം: കേരള ജെഡിഎസിലെ ഭിന്നതക്കിടെ ദേശീയ വൈസ് പ്രസിഡന്‍റ് സി.കെ. നാണു വിളിച്ച ദേശീയ ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. എന്‍ഡിഎക്കൊപ്പം ചേർന്ന ദേവഗൗഡക്കെതിരെ അച്ചടക്ക നടപടിയെടുക്കും. കർണാടക ജെഡിഎസ് മുൻ സംസ്ഥാന പ്രസിഡൻറ് സി.എം. ഇബ്രാഹിം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. എന്നാൽ മാത്യു ടി. തോമസും, മന്ത്രി കെ. കൃഷ്ണൻകുട്ടിയും അടക്കമുള്ള കേരള നേതാക്കൾ വിട്ടുനിൽക്കും.
സംസ്ഥാന നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് ഒരു വിഭാഗം നേതാക്കൾ ഇന്നത്തെ യോഗത്തിനെത്തും. ദേവഗൗഡയും യോഗത്തെ വിലക്കിയതിനാൽ നാണു അടക്കം യോഗത്തിൽ പങ്കെടുത്തവർക്കെതിരെയും നടപടി വന്നേക്കും. ഈ യോഗത്തോടെ കേരള ജെഡിഎസ് പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യതയാണുള്ളത്. നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തുടര്‍നടപടികളും നിര്‍ണായകമാകും. ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെ കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമുള്ള കേരള ജെഡിഎസ് ഘടകത്തില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഇതുവരെ നേതൃത്വത്തിന് തീരുമാനം എടുക്കാനായിട്ടില്ല.