കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. തേങ്ങയും അണ്ടിപരിപ്പും ചോക്ലേറ്റും കുപ്പിവെള്ളവും സൗന്ദര്യവര്‍ധക വസ്തുക്കളുമടക്കം 305 ഇനം സാധനങ്ങളുടെ ഇറക്കുമതി അനിശ്ചിത കാലത്തേക്കു നിരോധിച്ചു.ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ശ്രീലങ്ക. രാജ്യത്തിന്റെ ധനം പുറത്തേക്കൊഴുകുന്നതു പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണു ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പ്രസിഡന്റ് റനില്‍ വിക്രമസിംഗയുടെ നടപടി. ഇറക്കുമതി – കയറ്റുമതി നിയന്ത്രണ നിയമം അനുസരിച്ച് 305 സാധനങ്ങളുടെ ഇറക്കുമതിയാണു തടഞ്ഞത്.
പാല്‍, ബട്ടര്‍ മില്‍ക്ക്, യോഗേര്‍ട്ട്, കണ്ടന്‍സ്ഡ് മില്‍ക്ക്, മിനറല്‍ വാട്ടര്‍, ശീതള പാനീയങ്ങള്‍, കുപ്പിയിലടച്ച ജ്യൂസുകള്‍, തേങ്ങ, കശുവണ്ടി പരിപ്പ്, ബ്രസീല്‍ നട്സ്, ചോക്ലേറ്റുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഷേവിങ് ക്രീമുകള്‍, ലോഷനുകള്‍, പൂക്കള്‍, അലങ്കാര ചെടികള്‍, വസ്ത്രങ്ങള്‍, വാച്ചുകൾ, ടെലിഫോണുകൾ, പ്രഷർ കുക്കർ, എസി, സംഗീത ഉപകരണങ്ങൾ, നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന വിവിധ തരം കല്ലുകള്‍ക്കും മെറ്റലുകള്‍ക്കും വരെ ഇറക്കുമതി നിരോധനമുണ്ട്. ഇറക്കുമതി സാധനങ്ങള്‍ക്കു പകരം തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്നത് ഉപയോഗിക്കാനാണു നിര്‍ദേശം.
അത്യാവശ്യമല്ലാത്ത സാധനങ്ങളുടെ ഇറക്കുമതി ഒഴിവാക്കുമെന്നു നേരത്തെ സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. കൂടാതെ നാണയപെരുപ്പം നിയന്ത്രിക്കാന്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അധികാരമേറ്റതിനു തൊട്ടുപിറകെ പ്രസിഡന്റ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. നിരോധനം വഴി വിദേശ നാണയ കമ്മി നിയന്ത്രിക്കാന്‍ കഴിയുമോയെന്നാണു സര്‍ക്കാര്‍ നോക്കുന്നത്. ഓഗസ്റ്റ് 23ന് മുൻപ് ഷിപ്പ് ചെയ്യുകയും സെപ്റ്റംബർ 14നുള്ളിൽ രാജ്യത്തെത്തുകയും ചെയ്യുന്നവയ്ക്കു മാത്രം വിലക്കുണ്ടാകില്ല.
അതേസമയം രാജ്യാന്തര നാണ്യനിധിയില്‍നിന്നു വായ്പ നേടാനുള്ള ദ്വീപ് രാഷ്ട്രത്തിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ഇന്നലെ തുടങ്ങി. ഈ വര്‍ഷം അവസാനത്തോടെ വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണു ശ്രീലങ്കന്‍ സര്‍ക്കാര്‍.