ദുബായ് : യുഎഇയില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും. സൈബര്‍ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം ഏകദേശം ഒരു കോടി രൂപ വരെയായിരിക്കും പിഴ. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് ഒന്നരലക്ഷം ദിര്‍ഹംസ് മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹംസ് വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും ശിക്ഷക്കിടയാക്കും. ഡിജിറ്റല്‍ യുഗത്തില്‍ പൗരന്മാരുടെ അവകാശ സംരക്ഷണവും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും. ഓണ്‍ലൈന്‍, സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബര്‍ ലോയുടെ പരിധിയില്‍ വരും.